പ്രത്യാശ വിവാഹ ധനസഹായ പദ്ധതി

വ്യക്തികളും കോർപ്പറേറ്റുകളും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും  സംയുക്ത സംരംഭമായി ആരംഭിച്ച നൂതനമായ പദ്ധതിയാണ് പ്രത്യാശ. വിവാഹം ജീവിതത്തിലെ അടിസ്ഥാനപരമായി ഒരു ആവിശ്യകതയാണ്. എന്നാൽ ദരിദ്ര കുടുംബങ്ങളുടെ മാതാപിതാക്കൾക്ക് പെൺകുട്ടികളുടെ വിവാഹ ചിലവ് താങ്ങാൻ പറ്റുന്ന ഒന്നല്ല. ഇത്തരം മാതാപിതാക്കളെ പിന്തുണക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണ് പ്രത്യാശ വിവാഹ  ധനസഹായ പദ്ധതി.

വ്യക്തികളോ, സ്ഥാപനങ്ങളോ 25,000/-രൂപയോ അതിന്‍റെ ഗുണിതങ്ങളോ സംഭാവനയായി നല്‍കിയാല്‍ തത്തുല്യമായ തുക മിഷനും വഹിച്ചുകൊണ്ട് 50,000/- രൂപ ഒരു ദരിദ്രയുവതിക്ക് വിവാഹ ധനസഹായമായി നല്‍കുന്ന പദ്ധതിയാണിത്. ഈ ഇനത്തില്‍ സംഭാവന ലഭിക്കുന്ന മുറയ്ക്ക് ഈ പദ്ധതിക്ക് ധനസഹായം ലഭിക്കുകയുള്ളൂ. ചുവടെ പറയുന്ന പ്രകാരം പദ്ധതി നടപ്പാക്കി വരുന്നു.  പദ്ധതിയിലേയ്ക്ക് 25,000/- രൂപയോ അതിന്‍റെ ഗുണിതങ്ങളോ സംഭാവനയായി നല്‍കുന്നവര്‍ക്ക് ഗുണഭോക്താക്കളെ നിര്‍ദ്ദേശിക്കാവുന്നതാണ്. ഗുണഭോക്താക്കള്‍ 22 വയസ്സ് പൂര്‍ത്തിയായവരും നിര്‍ദ്ധന കുടുംബങ്ങളിലെ അംഗങ്ങളുമായിരിക്കണം.

 

മാനദണ്ഡങ്ങള്‍

1. അപേക്ഷക 22വയസ്സ് പൂര്‍ത്തിയായവരും സാമ്പത്തിക ബുദ്ധിമുട്ട് കാരണം കല്ല്യാണം കഴിയാത്തവരും ആയിരിക്കണം.

2. കുടുംബ വാര്‍ഷിക വരുമാനം 60000 രൂപയില്‍ കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷ പാസ്സാക്കുന്നതിന് വരുമാനത്തിനു പുറമേ അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തുന്ന സാമൂഹ്യ സാമ്പത്തിക വിശകലനം കൂടി പരിഗണിക്കുന്നതാണ്.

3. അന്ധരോ, വികലാംഗരോ, മറ്റു ശാരീരിക അവശതകളോ, മാരക രോഗമുള്ളവരോ ആയ രക്ഷിതാക്കളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

4. രക്ഷിതാക്കളും, 18 വയസ് പൂര്‍ത്തിയായ സഹോദരന്‍മാരും ഇല്ലാത്ത പെണ്‍കുട്ടികൾക്ക് മുന്‍ഗണന നല്‍കുന്നതാണ്.

5. സ്ത്രീകള്‍ മാത്രം ഉള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

6. അഞ്ചോ, അഞ്ച് സെറ്റില്‍ കുറഞ്ഞതോ ആയ സ്ഥലവും, 600 ചതുരശ്രഅടിയോ അതില്‍ കുറവോ വിസ്തീര്‍ണ്ണമുള്ള വീടോ ഉള്ള രക്ഷിതാക്കളുടെ പെണ്‍മക്കള്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.

7. സാധാരണ നിലയില്‍ അപേക്ഷ കല്ല്യാണത്തിന് 60 ദിവസം മുമ്പ് ലഭിച്ചിരിക്കണം. അടിയന്തിര ഘട്ടങ്ങളില്‍ 30 ദിവസം മുമ്പ് ലഭിച്ച അപേക്ഷകളും പരിഗണിക്കുന്നതാണ്.

8. പുനര്‍വിവാഹമാണെങ്കിലും മറ്റ് മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുങ്കെില്‍ സാമ്പത്തിക സഹായം ലഭ്യമാകുന്നതാണ്.

 

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

1. വിവാഹ ക്ഷണക്കത്ത്.

2.സ്ഥലത്തെ ഏതെങ്കിലും എം.പി./ എം.എല്‍.എ/ ഗ്രാമ പഞ്ചായത്ത് പ്രസിഡസ്സ്/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡസ്സ്/ ജില്ലാ പഞ്ചായത്ത് പ്രസിഡസ്സ്/ മുനിസിപ്പല്‍ ചെയര്‍മാന്‍/ കോര്‍പ്പറേഷന്‍ മേയര്‍/ മതസാമുദായിക സംഘടനകളുടെ ഭാരവാഹികള്‍/ ആരാധനാലയങ്ങളുടെ  ഭാരവാഹികളുടെയോ സാക്ഷ്യപ്പെടുത്തിയ അപേക്ഷയിലുള്ള ശുപാര്‍ശക്കത്ത്.

3.  വില്ലജ്   ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് / ബി.പി.എൽ റേഷൻ കാർഡ് / ബി.പി.എൽ സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന്.

4. റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്.

5. തിരിച്ചറിയൽ കാർഡ് അറ്റസ്റ്റ് ചെയ്ത കോപ്പി (ആധാർ കാർഡ് / എസ് എസ് എൽ സി സർട്ടിഫിക്കറ്റ് / ഡ്രൈവിംഗ് ലൈസൻസ് / പാസ്പോർട്ട് മുതലായവ).

6. പ്രായപരിധി സാക്ഷ്യപ്പെടുത്തിയ കോപ്പി (എസ് എസ് എൽ സി ബുക്ക് / ജനന സർട്ടിഫിക്കറ്റ് / പാസ്പോർട്ട് മുതലായവ)

 

അപേക്ഷിക്കേണ്ടവിധം

പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകളുടെ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കോപ്പി സഹിതം അതാത് ജില്ലകളിലെ വയോമിത്രം ഓഫീസിലേക്ക് തപാല്‍ വഴി അയക്കേണ്ടതാണ്. അപേക്ഷയുടെയും, അനു ബന്ധരേഖകളുടെയും ഒരു ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് അതേ കവറില്‍ ഉള്ളടക്കം ചെയ്യേണ്ടതാണ്.

 

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ സേവനം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി  socialsecuritymission@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.