മിഠായി പദ്ധതി
(പ്രമേഹബാധിതരായ കുട്ടികൾക്കുള്ള സാമൂഹിക സഹായ പദ്ധതി)

സാമൂഹ്യ നീതി വകുപ്പ് – കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരകാർക്കും പരിചരണം നൽകുന്നതിന് ആരംഭിച്ച സമഗ്ര സാമൂഹികാധിഷ്ഠിത പദ്ധതിയാണ് മിഠായി. മിഠായി പദ്ധതിയിൽ കുട്ടികൾക്ക് നൽകുന്നത് വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാൻ പറ്റുന്നതുമായ ആധുനിക പെൻ ഇൻസുലിനാണ്.

ടൈപ് വൺ പ്രമേഹരോഗം ബാധിച്ചവർക്ക് ഇൻസുലിൻ പെൻ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ, ചികിത്സ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നൽകുന്ന പദ്ധതിയാണ് മിഠായി. കുട്ടികൾക്ക് കൗണ്സിലിംഗും മാതാപിതാകൾക്ക് പരിശീലനവും മറ്റ് സാമൂഹ്യ സുരക്ഷാ സംവിധാങ്ങളും ഉൾപ്പെടെ ആറ് ഘട്ടങ്ങൾ ഉൾപ്പെട്ട ഒരു ബൃഹത് പദ്ധതികൂടിയാണിത്.

ഈ പദ്ധതി വഴി ടൈപ്പ് 1 പ്രമേഹം ബാധിച്ച 18 വയസ്സിൽ വരെയുള്ള കുട്ടികൾക്ക് പദ്ധതിയിലൂടെ സേവനം നൽകുന്നു. പ്രത്യേക സോഫ്റ്റ്വെയർ (www.mittayi.org) വഴിയാണ് രജിസ്ട്രേഷനും തുടർ നടപടികളും സ്വീകരിച്ചുവരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ പ്രവർത്തിക്കുന്ന മിഠായി ക്ലിനിക്കുകൾ മുഖേനെയാണ് മിഠായി പദ്ധതിയിലെ അംഗങ്ങളായ കുട്ടികൾക്ക് മരുന്നും മറ്റു ചികിത്സ ഉപകരണങ്ങളും നൽകി വന്നിരുന്നത്, എന്നാൽ മിഠായി പദ്ധതിയുടെ സേവനം ലഭ്യമല്ലാതിരുന്ന 9 ജില്ലകളിൽ കൂടി മിഠായി സാറ്റലൈറ്റ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.

സാറ്റലൈറ്റ് സെന്ററുകൾ ആരംഭിച്ചതുവഴി പദ്ധതി ഗുണഭോക്താക്കൾക്ക് ദീർഘദൂര യാത്രകൾ ഒഴിവാക്കി വൈദ്യസഹായം അതാതുജില്ലകളിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. പീഡിയാട്രീഷ്യൻ, നേഴ്സ്, ഡയറ്റിഷ്യൻ എന്നിവരുടെ സേവനത്താൽ ചികിത്സയും ആരോഗ്യ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും പദ്ധതിയിലൂടെ നൽകുന്നുണ്ട്.

അർഹതാ മാനദണ്ഡം

  • മിഠായി പദ്ധതി അപേക്ഷ ഓൺലൈൻ മുഖേനയാണ് സ്വീകരിക്കുന്നത്. www.mittayi.org എന്ന വെബ്സൈറ്റ് വഴി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
  • 18 വയസ്സിന് താഴെ പ്രായമുളളവരായിരിക്കണം പദ്ധതി ഗുണഭോക്താക്കൾ.
  • അപേക്ഷകന്റെ വാർഷിക കുടുംബ വരുമാനം 2 ലക്ഷത്തിൽ താഴെ ആയിരിക്കണം.
  • അപേക്ഷകൻ / രക്ഷാകർത്താവ് കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
  • ടൈപ്പ് 1 പ്രമേഹ രോഗ നിർണയത്തെ കുറിച്ചും പദ്ധതിയുടെ കീഴിൽ ശുപാർശ ചെയ്യുന്ന ചികിത്സാ രീതിയെ കുറിച്ചും എംപാനൽഡ് ഡോക്ടർ കുട്ടി/ കൗമാരക്കാര്ക്ക് സർട്ടിഫിക്കറ്റ് നൽകിയിരിക്കണം.
  • ചികിത്സ ആരംഭിക്കുന്നതിന് മുൻപ് കുട്ടിയുടെ/കൗമാരക്കാരുടെ മാതാപിതാക്കൾ ടി വിവരം അറിഞ്ഞുളള സമ്മതപത്രത്തിൽ ഒപ്പിടാൻ തയ്യാറായിരിക്കണം.
    കുട്ടിയുടെ/കൗമാരക്കാരുടെ മാതാപിതാക്കൾ റെസിഡൻഷ്യൽ ഡയബറ്റിക് ക്യാമ്പുകൾ ഉൾപ്പെടെയുള്ള നിർബന്ധിത പരിശീലനത്തിനു തയ്യാറായിരിക്കണം.